ചൂളം വിളികൾക്കിടയിലെ പ്രണയം
ചൂളം വിളികൾ കാതുകളിൽ മുഴങ്ങുന്ന റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടിയ പൊടിമീശക്കാരൻ ഒപ്പം കൊണ്ടുപോയത് സ്വപ്നങ്ങളെയാണ്. നിന്നോടൊപ്പം നടന്ന ഓരോയാത്രകളും നീ എനിക്കായി പറഞ്ഞു തീർത്ത സ്വപ്നങ്ങളും ഒക്കെ ആകണം ഒരുപക്ഷെ നിന്റെ നെഞ്ചിലെ ചൂടിനൊപ്പം എനിക്ക് നഷ്ടമായത്. ചൂളം വിളിച്ചെത്തുന്ന തീവണ്ടികൾക്കിടയിൽ വെച്ച് നിന്നെ ആദ്യമായി കാണുമ്പൊൾ തോന്നിയ അതെ നെഞ്ചിടിപ്പ് തന്നെയായിരുന്നു അവസാനമായി നിലച്ച ആ ഫോൺ കോളിലും ഞാൻ അറിഞ്ഞത്. ചുവപ്പ് കലർന്ന ഷർട്ടും നീല പാന്റും അല്പം പൊടിച്ച നിന്റെ മീശയും മെലിഞ്ഞുണങ്ങിയ ശരീരവും ഒക്കെ ഇന്നും മായാതെ ഈ തടിച്ചി പെണ്ണിന്റെ മനസ്സിലുണ്ട്. പിന്നെ നിന്റെ മാറോടു ചേർന്ന് ഞാൻ ഉറങ്ങിയതും കവിളുകൾ നിറയെ നീ എന്നെ ചുംബിച്ചതും ഒക്കെ ഒരു നീണ്ട കിനാവായിരുന്നു. മയിൽ പീലികൾ പുസ്തകങ്ങൾക്കുളിൽ സൂക്ഷിക്കും പോലെ സ്വപ്നങ്ങളിലും ഹൃദയത്തിലും എവിടെയോ ഒരൽപം നീ ഇന്ന് ബാക്കിയുണ്ട്. അന്ന് ചൂളം വിളിച്ചെത്തുന്ന തീവണ്ടികൾക്കിടയിൽ ഒരു പക്ഷെ നീ പങ്കുവെച്ച സ്വപ്‌നം സത്യമായിരുനെങ്കിൽ ഒരുപക്ഷെ എനിക്ക് തലചായ്ച്ച് ഉറങ്ങാൻ നീ ഉണ്ടാകുമായിരുന്നു. കോളേജിലെ ഓരോ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഞ...