ചൂളം വിളികൾക്കിടയിലെ പ്രണയം
ചൂളം വിളികൾ കാതുകളിൽ മുഴങ്ങുന്ന റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടിയ പൊടിമീശക്കാരൻ ഒപ്പം കൊണ്ടുപോയത് സ്വപ്നങ്ങളെയാണ്. നിന്നോടൊപ്പം നടന്ന ഓരോയാത്രകളും നീ എനിക്കായി പറഞ്ഞു തീർത്ത സ്വപ്നങ്ങളും ഒക്കെ ആകണം ഒരുപക്ഷെ നിന്റെ നെഞ്ചിലെ ചൂടിനൊപ്പം എനിക്ക് നഷ്ടമായത്. ചൂളം വിളിച്ചെത്തുന്ന തീവണ്ടികൾക്കിടയിൽ വെച്ച് നിന്നെ ആദ്യമായി കാണുമ്പൊൾ തോന്നിയ അതെ നെഞ്ചിടിപ്പ് തന്നെയായിരുന്നു അവസാനമായി നിലച്ച ആ ഫോൺ കോളിലും ഞാൻ അറിഞ്ഞത്.
ചുവപ്പ് കലർന്ന ഷർട്ടും നീല പാന്റും അല്പം പൊടിച്ച നിന്റെ മീശയും മെലിഞ്ഞുണങ്ങിയ ശരീരവും ഒക്കെ ഇന്നും മായാതെ ഈ തടിച്ചി പെണ്ണിന്റെ മനസ്സിലുണ്ട്.
പിന്നെ നിന്റെ മാറോടു ചേർന്ന് ഞാൻ ഉറങ്ങിയതും കവിളുകൾ നിറയെ നീ എന്നെ ചുംബിച്ചതും ഒക്കെ ഒരു നീണ്ട കിനാവായിരുന്നു. മയിൽ പീലികൾ പുസ്തകങ്ങൾക്കുളിൽ സൂക്ഷിക്കും പോലെ സ്വപ്നങ്ങളിലും ഹൃദയത്തിലും എവിടെയോ ഒരൽപം നീ ഇന്ന് ബാക്കിയുണ്ട്. അന്ന് ചൂളം വിളിച്ചെത്തുന്ന തീവണ്ടികൾക്കിടയിൽ ഒരു പക്ഷെ നീ പങ്കുവെച്ച സ്വപ്‌നം സത്യമായിരുനെങ്കിൽ ഒരുപക്ഷെ എനിക്ക് തലചായ്ച്ച് ഉറങ്ങാൻ നീ ഉണ്ടാകുമായിരുന്നു.
കോളേജിലെ ഓരോ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഞാൻ അയച്ച മെസ്സേജുകളോട് നീ മുഖം തിരിച്ചപ്പോഴും കിനാവുകളിൽ ഞാൻ കണ്ട രാജകുമാരൻ ചൂളം വിളികൾക്കിടയിലെ പൊടിമീശക്കാരൻ തന്നെ ആയിരിന്നു. ഒരിക്കൽ ഗുഡ്ബൈ പറഞ്ഞ് പോയ നീ വീണ്ടും വിളിക്കാതെ എന്റെ സ്വപ്നങ്ങളിലേക്കും ജീവിതത്തിലേക്കും കടന്നു വന്നു.
അന്ന് ജനുവരി 25 ന് നീണ്ട രണ്ടു വർഷത്തിനപ്പുറം നീ വിളിച്ചതും ഒരുപക്ഷെ അവളെ നീ അത്രയേറെ സ്‌നേഹിച്ചിരുന്നു എന്നുളളത് കൊണ്ടാണ്. നിന്റെ ജീവന് തുല്യമായിരുന്നു അവൾ എന്ന് സ്വയം വിശ്വസിച്ചു. നീണ്ട രണ്ടു വർഷത്തെ ഇടവേള അവളെ ഒട്ടും മാറ്റിയില്ല പക്ഷെ പൊടിമീശക്കാരൻ ഒരു പാട് മാറി. അവന്റെ ശബ്‌ദവും രൂപവുമൊക്കെ അത് വായിച്ചു തന്നു.
രണ്ടു വർഷത്തെ പരിഭവം അവനോടു തീർത്തത് അതെ കണ്ടുമുട്ടിയ തീവണ്ടികളുടെ ചൂളം വിളികൾക്കിടയിലാണ്. പക്ഷെ അന്ന് അവനെ വകഞ്ഞു മാറ്റി അവൾ പോയപ്പോൾ ഉള്ളു പൊടിഞ്ഞു പരിഭവം തീർക്കുകയായിരുന്നു. നീണ്ട കാത്തിരിപ്പ് അവന്റെ നിഘണ്ടുവിൽ ഇല്ലാഞ്ഞിട്ടാണോ പറയാൻ നിൽക്കാതെ പ്രവാസത്തിലേക്ക് മടങ്ങിയ അവനെ അവൻ അറിയാതെ അവൾ പിന്തുടർന്നു. ഒരു മഴ പെഴ്ത് തോർന്ന സൂര്യൻ ഉദിക്കുന്ന വെളിച്ചം അവളുടെ മുഖത്ത് വിതറിയത് അവന്റെ ഒരു ഫോൺ കോൾ ആണെങ്കിൽ അതെ നാണയത്തിൽ ആ കണ്ണിൽ നിന്ന് പൊടിഞ്ഞ തുള്ളികൾക്കും അവകാശി അവൻ തന്നെ ആയിരിന്നു.
ഇന്ന് നീ മറ്റൊരാളുടെ സ്വന്തമാണ് എങ്കിലും നിന്റെ നെഞ്ചിലെ ചൂടുപോലെ നീ തന്നെ സ്വപ്നങ്ങൾ പോലെ എന്നെങ്കിലും മടങ്ങി വരുമ്പോൾ എനിക്കും ചേർത്തു പിടിക്കാൻ ഒപ്പം മഴ കൊള്ളാൻ ഒരാൾ ഉണ്ടെന്ന സന്തോഷം പറയണം. നീ തനിച്ചാക്കി പോയപ്പോൾ ബാക്കിയായത് സ്വപ്നങ്ങളാണെന്ന് ഈ പൊട്ടി പെണ്ണ് വിചാരിച്ചു. പക്ഷെ നീ തനിച്ചാക്കിയപ്പോൾ അവൾ തിരിച്ചറിഞ്ഞത് സ്വതന്ത്രയും കരുത്തയായു ഗായത്രിയെയാണ്. ഇനി കണ്ടുമുട്ടാം അന്ന് നമ്മൾ
വേർപിരിഞ്ഞ ചൂളം വിളികൾക്കിടയിൽ ആ റെയിൽവേ സ്റ്റേഷനിൽ എന്റെ നല്ലപാതിയോടൊപ്പം. കാത്തിരിക്കുന്നു ഒരു നല്ല സുഹൃത്തായി വീണ്ടുമൊരു ശിശിര കാലത്തിനായി......
Comments
Post a Comment